കാത്തിരിപ്പ്‌ ..

Monday, March 19, 2012

പുതിയൊരു പുസ്തകം കൈയ്യില്‍ കിട്ടിയാല്‍ അന്ന് തന്നെ അത് വായിച്ചു തീര്‍ത്തിരുന്ന നാളുകള്‍ ..

സ്കൂള്‍ ലൈബ്രറിയില്‍ നിന്നും രണ്ടാഴ്ചയിലൊരിക്കല്‍ കിട്ടിയിരുന്ന പുസ്തകം ഒറ്റയടിക്ക് വായിച്ചു തീര്‍ത്തു , കൂട്ടുകാര്‍ക്ക് കിട്ടിയത് കൂടി ആര്‍ത്തിയോടെ വാങ്ങി വായിച്ചിരുന്ന ദിവസങ്ങള്‍ ..
കോളേജില്‍ ചേര്‍ന്നപ്പോള്‍ , ആവശ്യത്തിനു പഠിക്കേണ്ട പുസ്തകങ്ങള്‍ പോലും തികച്ചില്ലാത്ത കോളേജ് ലൈബ്രറിയില്‍ സാഹിത്യ പുസ്തകങ്ങള്‍ പ്രതീഷിക്കുന്നത് പരിഹാരമില്ലാത്ത അപരാധം പോലെയായി ..വല്ലപ്പോഴും സുഹൃത്തുക്കളുടെ കൈയ്യില്‍ നിന്നും കിട്ടുന്ന പുസ്തകങ്ങള്‍ ..കൂട്ടി വെക്കുന്ന പോക്കറ്റ്‌ മണി കൊണ്ട് നാട്ടിലെ ബുക്ക്‌ സ്റ്റാളില്‍ കേറുമ്പോള്‍ വാങ്ങിച്ചിരുന്ന പുസ്തകങ്ങള്‍ ..ഒരിക്കല്‍ ബുക്ക്‌ സ്റ്റാളില്‍ നിന്നും ഇറങ്ങിയപ്പോള്‍ തിരിച്ചു വീട്ടിലെത്താനുള്ള പത്തു രൂപ മാത്രം കൈയ്യില്‍ ബാക്കി ..

ഒരു ജോലി കിട്ടുമ്പോള്‍ ഒരുപാട് പുസ്തകങ്ങള്‍ വാങ്ങണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ..പക്ഷെ ജോലി കിട്ടിയത് ' കല്‍ക്കട്ട ' യില്‍ ... അവിടെ മലയാള പുസ്തകങ്ങള്‍ കിട്ടാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല .. ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഒരു മലയാളി കടയില്‍ നിന്നും ' വനിത', ' ഗൃഹലക്ഷ്മി ' തുടങ്ങിയ മാസികകള്‍ കിട്ടുമായിരുന്നു .. വേറെ ഒന്നും ഇല്ല .. അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം - വിരസമായ ഒരു ജോലി ദിവസം - ഇന്റെര്‍നെറ്റിലെ വിശാല സാധ്യതകളില്‍ പരതവേയാണ് ഒരു ഓണ്‍ലൈന്‍ ബുക്ക്‌ ഷോപ്പ് കണ്ടത് .. പരീക്ഷണാര്‍ത്ഥം ഓര്‍ഡര്‍ ചെയ്ത എന്നെത്തേടി പുസ്തകങ്ങളുടെ ഒരു കെട്ടു വന്നു .. മനോഹരമായി പായ്ക്ക് ചെയ്ത ഒരു പുസ്തക കെട്ട് ..
ഹോ !!! .. എന്തൊരു സന്തോഷമായിരുന്നു അന്ന് .. പന്നെ അത് സ്ഥിരമായി .. കുറേ പുസ്തകങ്ങള്‍ വാങ്ങി .. വായിച്ചു ..

നാളുകള്‍ പിന്നെയും കഴിഞ്ഞപ്പോള്‍ എന്റെ പ്രണയം ഒരു താലിയോടൊപ്പം ജീവിതത്തിലേക്ക് വന്നു .. അങ്ങനെ ഒരു ഭാര്യയായി .. ജോലി .. വീട്ടിലെ തിരക്കുകള്‍ .. അങ്ങനെ ഒരു ഫുള്‍ ടൈം കുടുംബിനി + ജോലിക്കാരി ആയി ഞാന്‍ എന്റെ തിരക്കുകളില്‍ മുങ്ങിയപ്പോള്‍ , ഒരിക്കല്‍ പോലും താളുകള്‍ മറിച്ചു നോക്കാത്ത പുസ്തകങ്ങള്‍ , പതുങ്ങിയ നെടുവീര്‍പ്പുകളോടെ , പഴയ കവറുകളോടും ഇസ്തിരി പെട്ടിയോടും പരാതി പറഞ്ഞു , ആരെയോ കാത്തിരിപ്പായി ..

എന്റെ കണ്ണാ ..

Monday, March 7, 2011

പീലിത്തിരുമുടി ചൂടിയ നിന്നെ
ഞാനാദ്യമായ് കണ്ടനാളോര്‍മയില്ലാ ..
കുഞ്ഞി കാലടി വെച്ചു ഞാനാദ്യമായ്
തൊഴുകൈ കൂപ്പിയതോര്‍മയില്ലാ ..
പിന്നെയും ഓരോരോ തവണയും
കാണുവാന്‍ ഓടിയണഞ്ഞപ്പോഴും ,
നിന്നെ പിരിഞ്ഞു പോകുവാനാകാതെ
പിന്തിരിഞ്ഞു നോക്കിയകന്നപ്പോഴും ,
നീയോളിപ്പിച്ചോരാ കള്ളച്ചിരിയുടെ
സാരമിന്നു ഞാനറിയുന്നു കണ്ണാ ..
ഒടുവില്‍ ഞാനരികത്തു വന്നണയു -
മെന്നുനീയന്നെ നിശ്ചയിച്ചിരുന്നു ..
നിന്‍ പാദ സവിധതിനരികത്തായ്
നീയെനിക്കൊരിടം മാറ്റി വെച്ചിരുന്നു ..
അന്ന് മുതല്‍ക്കേ നിനക്കെന്നെയത്രമേല്‍
ഇഷ്ടമായിരുന്നുവോ കണ്ണാ ..

സ്വപ്നം

Tuesday, December 7, 2010

നേരിയ മഞ്ഞിലൂടെ
ഞാന്‍ നോക്കിയപ്പോള്‍,
എങ്ങും നിറങ്ങളായിരുന്നു..
പലവിധം മണമുള്ള,
നിറമുള്ള പൂക്കള്‍..
കൈയ്യെത്താ ദൂരത്തു തെളിഞ്ഞ
മഴവില്ലിനെ നോക്കിയിരിക്കവെ,
നേരമിരുണ്ടതും,
കിളികള്‍ കൂടണഞ്ഞതും
അറിഞ്ഞില്ല..
കാറ്റ് കൊണ്ട് വന്ന
ചാറ്റല്‍ മഴയില്‍
മഴവില്ല് മാഞ്ഞപ്പോള്‍,
ഞാന്‍ ചുറ്റും നോക്കി..
ഇതളുകള്‍ മൂടിയ വഴികള്‍
അപരിചിതമാണെന്ന്
തിരിച്ചറിഞ്ഞു..
ഇടറിയ കാലടികളുമായ്
കാണാത്ത ദൂരം പോകവേ,
ദൂരെ രണ്ടു കരങ്ങളെന്നെ
മാടി വിളിക്കുന്നു..
പെട്ടന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍
ഞാനറിഞ്ഞു..,
സ്വപ്നത്തില്‍ കണ്ട
ആ കരങ്ങളിലാണ് ഞാനെന്നു..
എന്റെ സ്വപ്നം സത്യമാണെന്ന്..