ദുര്‍ഗാപൂജ

Tuesday, October 12, 2010

ഓര്‍മ വെച്ച നാള് മുതല്‍ ദുര്‍ഗാ പൂജ പുസ്തക പൂജ ആണ്.. അമ്മയുടെ പരാതികളില്ലാതെ പാഠപുസ്തകം തുറക്കെണ്ടാത്ത രണ്ടു നാളുകള്‍..പതിവില്ലാതെ എന്തും വായിക്കാന്‍ തോന്നുന്ന ദിവസങ്ങള്‍..മുതിര്‍ന്നവരുടെ കണ്ണ് വെട്ടിച്ചു പത്രത്തിലെ സിനിമ പേജ് വായിക്കുന്നതും ,ടിവിയില്‍ പേരെഴുതി കാണിക്കുമ്പോ കണ്ണടച്ചിരിക്കുന്നതും ബാല്യത്തിന്റെ നിഷ്കളങ്കതകള്‍..
പുസ്തകം പൂജക്ക്‌ വെക്കാന്‍ അമ്മയുടെ വീട്ടില്‍ പോണതും ,എല്ലാരും കൂടെ ഇല്ലത്ത് പോയി പുസ്തകം വെക്കുന്നതും , പിന്നീടുള്ള രണ്ടു ദിവസങ്ങള്‍ കളിച്ചു തിമിര്‍ക്കുന്നതും .. ഒടുവില്‍ വിജയദസമിയുടെ അന്ന് പുസ്തകം എടുക്കുന്നതും.. അമ്മയുടെം മേമമാരുടെം ആഞ്ജയനുസരിച്ച് എല്ലാ പുസ്തകങ്ങളും അന്ന് ഒരാവര്‍ത്തി വായിക്കണം.. അത് കഴിഞ്ഞാ പിന്നെ കളിയ്ക്കാന്‍ എവിടെയാ നേരം ?? അത് കൊണ്ട് അവരെ പറ്റിച്ചു എല്ലാം വായിച്ചെന്നു വരുത്തി കളിയ്ക്കാന്‍ ഓടുന്നതും ..അങ്ങനെ പോകുന്നു കുട്ടിക്കാലത്തെ പൂജ ഓര്‍മ്മകള്‍..

കുറച്ചു കഴിഞ്ഞപ്പോള്‍ , എപ്പോ മുതലാണെന്ന് ഓര്‍മയില്ല.. പുസ്തകം അയ്യപ്പന്‍റെ അമ്പലത്തില്‍ പൂജക്ക്‌ വെക്കാന്‍ തുടങ്ങി.. അപ്പൊ മുതല്‍ പുസ്തക പൂജക്ക്‌ അമ്മയുടെ വീട്ടില്‍ പോകുന്ന പതിവ് നിന്നു..വര്‍ഷങ്ങള്‍ പോകുന്തോറും പുസ്തകം വെക്കല്‍ ഒരു ചടങ്ങായി.. അഷ്ടമിടെ അന്ന് അമ്പലത്തില്‍ കൊണ്ട് വെക്കും, ദസമിയുടെ അന്ന് പോയി എടുക്കും..അങ്ങനെ...

ദുര്‍ഗാ പൂജയുടെ മറ്റൊരു മുഖം കാണുന്നത് കല്‍ക്കട്ടയില്‍ വന്നതിനു ശേഷം ആണ് ..വെളിച്ചം ,നിറങ്ങള്‍ ,പണ്ടാലുകള്‍, ബഹളം ...അങ്ങനെ ഒരു ദുര്‍ഗാ പൂജ.. ഇവിടുത്തുകാര്‍ക്ക് കാളി ആണ് എല്ലാം..
കാളി വരുന്ന ദുര്‍ഗാ പൂജ ആണ് ഏറ്റവും വലിയ ഉത്സവം.. മാസങ്ങള്‍ മുന്‍പ് തുടങ്ങുന്ന തയ്യാറെടുപ്പുകള്‍.. എല്ലാം ആ രണ്ടു ദിവസങ്ങള്‍ക്കു വേണ്ടി.. തെരുവില്‍ താമസിക്കുന്ന പാവപ്പെട്ടവന്റെ കണ്ണുകളില്‍ കൂടി കാണാം ആ സന്തോഷം..

ഇ ബഹളങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ കൂടി ഞാന്‍ ഓര്‍ക്കുകയാണ്.. ആ പഴയ കാലം..

തുടക്കം..

Monday, October 11, 2010

ഇതൊരു തുടക്കമാണ്‌..
എത്ര നാള്‍ നീണ്ടു നില്‍ക്കും എന്നറിയാത്ത ,എവിടെ തുടങ്ങും എന്നറിയാത്ത ജീവിതത്തിന്റെ ഒരു താള്‍..

ഇത് ആര്‍ക്കു വേണ്ടിയും എഴുതുന്നതല്ല..വിരസത എന്ന മടുപ്പിന്റെ അവസാനത്തെ വാക്ക് സമയത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങുമ്പോള്‍ ,എന്റെ ചുറ്റിലും മുഴങ്ങുന്ന മനസിലാക്കാന്‍ കഴിയാത്ത ഭാഷകളുടെ ബഹളങ്ങളില്‍ നിന്നും ഒരു താല്‍്കാലിക രക്ഷയായി ഞാന്‍ കണ്ടുപിടിച്ച മാര്‍ഗം..

അപ്പോള്‍ ഇത് എനിക്ക് വേണ്ടി മാത്രമാണോ?? അങ്ങനെ ആണെങ്കില്‍ ഒരു ഡയറിയുടെ ഏതെങ്കിലുമൊരു താളില്‍ ഒതുക്കിക്കൂടെ എല്ലാം?? പക്ഷെ ദിവസത്തിന്റെ ഏറിയ പങ്കും സ്ക്രീനിലെ അക്ഷരങ്ങള്‍ക്ക് മുന്‍പില്‍ ചിലവിടുന്ന ഒരാള്‍ക്ക് ഇതാണ് എളുപ്പം..ഒരു കീയുടെ അപ്പുറത്ത് ഇങ്ങനെ ഒരു മാര്‍ഗം..
അതിനുള്ള ഒരു തുടക്കമാണ്‌ ഇന്ന്..നല്ല ദിവസമോ രാഹു കാലമോ നോക്കാതെ..തുടങ്ങുന്നു..