സ്വപ്നം

Tuesday, December 7, 2010

നേരിയ മഞ്ഞിലൂടെ
ഞാന്‍ നോക്കിയപ്പോള്‍,
എങ്ങും നിറങ്ങളായിരുന്നു..
പലവിധം മണമുള്ള,
നിറമുള്ള പൂക്കള്‍..
കൈയ്യെത്താ ദൂരത്തു തെളിഞ്ഞ
മഴവില്ലിനെ നോക്കിയിരിക്കവെ,
നേരമിരുണ്ടതും,
കിളികള്‍ കൂടണഞ്ഞതും
അറിഞ്ഞില്ല..
കാറ്റ് കൊണ്ട് വന്ന
ചാറ്റല്‍ മഴയില്‍
മഴവില്ല് മാഞ്ഞപ്പോള്‍,
ഞാന്‍ ചുറ്റും നോക്കി..
ഇതളുകള്‍ മൂടിയ വഴികള്‍
അപരിചിതമാണെന്ന്
തിരിച്ചറിഞ്ഞു..
ഇടറിയ കാലടികളുമായ്
കാണാത്ത ദൂരം പോകവേ,
ദൂരെ രണ്ടു കരങ്ങളെന്നെ
മാടി വിളിക്കുന്നു..
പെട്ടന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍
ഞാനറിഞ്ഞു..,
സ്വപ്നത്തില്‍ കണ്ട
ആ കരങ്ങളിലാണ് ഞാനെന്നു..
എന്റെ സ്വപ്നം സത്യമാണെന്ന്..

മഴ..

Saturday, December 4, 2010

മഴ..
ഓര്‍മ വെച്ച നാളുകളില്‍
മഴ ഒരു തണുപ്പാണ്..
എങ്ങും വീണു ചിതറുന്ന
മഴതുള്ളികള്‍ക്ക്,
പുതുമണ്ണിന്റെ ഗന്ധമാണ് ..
മുറ്റം നിറഞ്ഞു പെയ്യുന്ന മഴ
എന്നും എന്റെ കളിതോണികളെ
നനച്ചിരുന്നു..
പിന്നെയും കാലം കഴിഞ്ഞപ്പോള്‍
മഴ എനിക്ക്
പുതിയൊരു ഭാവമായി..
പ്രണയത്തിന്റെ ഭാവം..
തോരാതെ പെയ്യുന്ന മഴയില്‍
ആ പുതിയ സംഗീതം
ഞാന്‍ തിരിച്ചറിഞ്ഞു..
ഞാനറിയാതെ തന്നെ
എന്നില്‍ നിറഞ്ഞു..
ഋതുക്കള്‍ മാറി മറഞ്ഞപ്പോള്‍
മഴ എനിക്ക്
കണ്ണീരിന്റെ നനവായി..
മിന്നലിന്റെ വെളിച്ചത്തില്‍
ജാലകപ്പടിയില്‍ ഇരിക്കുമ്പോള്‍
മഴയെന്നും എനിക്ക് കൂട്ടുവന്നു..
എന്റെ കരച്ചില്‍
ആരും കേള്‍ക്കാതിരിക്കാന്‍
എനിക്കൊപ്പം കരഞ്ഞു..
അന്ന് ഞാനറിഞ്ഞു ,
ആത്മാവിലേക്ക് പെയ്തിറങ്ങുന്ന
ഈ മഴ
എന്റെ എല്ലാമാണെന്ന്..

നിര്‍വ്വചനം

മനസ് ചില നിര്‍വ്വചനങ്ങള്‍ തേടുമ്പോള്‍
ഞാന്‍ മനസിലാക്കുന്നു ..
സ്നേഹം..അത് ഒരു വേദനയാണ്..
പ്രണയം..അത് സ്വാര്‍ഥതയും ..
പക്ഷെ ,സ്നേഹത്തിനും പ്രണയത്തിനും
ഇടയിലുള്ള അതിരില്‍ ,
തിരിച്ചറിയാന്‍ കഴിയാത്ത
ചൂണ്ടിക്കാണിക്കാന്‍ ആവാത്ത ,
ആ നൂല്‍പ്പാലത്തില്‍
മനസ്സില്‍ അനുഭവപ്പെടുന്നതിനെ
എങ്ങനെയാണ് നിര്‍വ്വചിക്കേണ്ടത്‌??

നഷ്ടങ്ങള്‍

പിന്നിലേക്ക്‌ ഒഴുകാത്ത
പുഴയുടെ തീരത്ത്,
പറന്നകലുന്ന അപ്പൂപ്പന്‍ താടികള്‍ക്ക്
പിന്നാലെയോടുമ്പോള്‍ ,
ഞാന്‍ വീണ്ടും
ആ പഴയ കുട്ടിയാകുന്നു...
പഴകിയ ഡയറിതാളുകളില്‍ ,
എന്നോ ഒളിപ്പിച്ച
മയില്‍പ്പീലിതുണ്ട് കാണുമ്പോള്‍,
കാലം എന്നില്‍ ഏല്‍പ്പിച്ച
മനസിന്റെ പ്രായം
ഞാന്‍ മറന്നു തുടങ്ങുന്നു ..
മടക്കമില്ലാത്ത ഏതോ ഒരു ഒഴുക്കില്‍
എനിക്ക് എന്നെത്തന്നെ
നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍ ,
ഒരിക്കലും തിരിച്ചു കിട്ടാത്ത ,
വളപ്പോട്ടുകളുടെ നിറങ്ങളുള്ള
ആ ഓര്‍മകളുടെ ലോകത്തില്‍
എന്നെന്നേക്കുമായി തടവിലാക്കപ്പെട്ടെങ്കില്‍
എന്ന് മോഹിച്ചു പോകുന്നു..

ഓര്‍മകള്‍

ഉഷ്ണത്തിന്റെ ഏറെ നാളുകള്‍ക്കു ശേഷം
വീണ്ടും ഒരു തണുപ്പുകാലം..
നീണ്ടു നിന്ന ചൂടില്‍
വെന്തുരുകിയ മനസിനെ തണുപ്പിക്കാനെന്നോണം
നിറഞ്ഞു പെയ്യുന്ന മഞ്ഞുത്തുള്ളികള്‍
വേനല്‍ഏല്പിച്ച മുറിപ്പാടുകളില്‍
സാന്ത്വനമാകുന്നു..
വേനലിനും മഞ്ഞിനുമിടയില്‍,
പെയ്യാന്‍ മറന്ന മഴയുടെയോര്‍മകള്‍
തീരാ നോവായി മനസ്സില്‍ ബാക്കിയാകുമ്പോള്‍,
കാലം ശേഷിപ്പിക്കുന്ന മറവികളില്‍
ഒരിക്കലും തുറക്കാന്‍ ആഗ്രഹിക്കാത്ത
ഓര്‍മകളുടെ ചിതാഭസ്മത്തിനോപ്പം,
ഇതും ഞാന്‍ ഒഴുക്കുന്നു..